13/06/2011

വിശുദ്ധ കേശ വിവാദം ഐക്യവിരോധികളുടെ സൃഷ്ടി: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി

 
കുവൈത്ത്: മര്‍ക്കസിന് ലഭിച്ച പ്രവാചകരുടെ തിരുകേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യാനാവാത്ത വിധം ശക്തവും കേരള മുസ്‌ലിംകള്‍ക്ക് ലഭിച്ച അനുഗ്രഹവുമാണെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രസ്താവിച്ചു. ഐ.സി.എഫ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തിരുകേശത്തിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ നിര്‍ഭാഗ്യകരവും, സമീപകാലത്ത് ചില അഭ്യുദയ കാംക്ഷികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സുന്നിഐക്യ ശ്രമങ്ങളില്‍ വിറളി പൂണ്ട നിക്ഷിപ്ത താല്‍പര്യക്കാരില്‍ ഉടലെടുത്ത ഭയത്തിന്റെയും ഐക്യം തങ്ങളുടെ സ്ഥാനങ്ങള്‍ നഷ്ട്‌പ്പെടുത്തുമോ എന്ന സന്ദേഹത്തിന്റെയും ഫലമാണെന്ന് തങ്ങള്‍ പറഞ്ഞു. ലോക പ്രശസ്തരായ പണ്ഡിത നേതാക്കളുടെ സാന്നിധ്യത്തില്‍ വെച്ച് മുസ്‌ലിം ലോകം അംഗീകരിക്കുന്ന പ്രമുഖ വ്യക്തിത്വമായ ശൈഖ് അഹ്മദ് ഖസ്‌റജി ജനലക്ഷങ്ങളെ സാക്ഷിയാക്കി സുന്നി കൈരളിക്ക് കൈമാറിയ തിരുകേശത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് അല്പത്തമല്ലാതെ മറ്റെന്താണ് - ഖലീല്‍ തങ്ങള്‍ ചോദിച്ചു.
 
സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് പ്രസ്ഥാന വിരോധികളുടെ ചട്ടുകമായി മാറിയ പണ്ഡിതവേഷധാരികളെ തിരിച്ചറിഞ്ഞ്, സുന്നികള്‍, ഉള്ളാള്‍ തങ്ങളുടെയും ശൈഖുനാ കാന്തപുരത്തിന്റെയും അജയ്യ നേതൃത്വത്തിന് കീഴില്‍ ഒന്നിക്കണമെന്ന്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി.പി.എം. ഫൈസി വില്ല്യാപ്പള്ളി, സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഹ്വാനം ചെയ്തു. ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് അല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ബുഖാരി, അഹ്മദ് കെ മാണിയൂര്‍, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ശുകൂര്‍ കൈപ്പുറം സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Note: only a member of this blog may post a comment.